മഞ്ഞനിക്കര ഓര്‍മപ്പെരുന്നാളിനു കൊടിയേറി

08:41 am 6/2/2017
Newsimg1_2227739
പത്തനംതിട്ട: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി. ഇന്നലെ രാവിലെ കുര്‍ബാനയ്ക്കുശേഷം മഞ്ഞനിക്കര ദയറാ കത്തീഡ്രല്‍ അങ്കണത്തില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവര്‍ ചേര്‍ന്നു കൊടിയേറ്റി. വൈകുന്നേരം ഓമല്ലൂര്‍ കുരിശിങ്കല്‍ ദയറാ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിര്‍വഹിച്ചു. റമ്പാന്‍മാരും വൈദികരും വിശ്വാസികളും കൊടിയേറ്റില്‍ പങ്കെടുത്തു.

മഞ്ഞനിക്കര പെരുന്നാളിനു തുടക്കം കുറിച്ച ഇന്നലെ യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ പാത്രിയര്‍ക്കാ പതാകദിനമായി ആചരിച്ചു. എല്ലാ ദേവാലയങ്ങളിലും പതാക ഉയര്‍ത്തി പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. 10, 11 തീയതികളാണു മഞ്ഞനിക്കര പെരുന്നാളിന്‍റെ പ്രധാന ദിനങ്ങള്‍. വടക്കന്‍ മേഖലയില്‍നിന്നടക്കം വിശ്വാസികള്‍ മഞ്ഞനിക്കരയിലേക്കു കാല്‍നട തീര്‍ഥയാത്ര ആരംഭിച്ചു. 10നു വൈകുന്നേരമാണ് മഞ്ഞനിക്കരയിലെ തീര്‍ഥാടകസംഗമം.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി ലബനന്‍ ആര്‍ച്ച്ബിഷപ് മാര്‍ തെയോഫിലോസ് ജോര്‍ജ് സ്ലീബ മെത്രാപ്പോലീത്തയും ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.