മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് .

05:11 pm 6/3/2017
download (3)

തൃശൂർ: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് നീട്ടി. നേരത്തെ മൂന്ന് ദിവസത്തേയ്ക്കായിരുന്നു നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര ലാബിലേക്ക് അയച്ച മണിയുടെ ആന്തരികാവയവങ്ങൾ സീൽ ചെയ്തിരുന്നില്ലെന്നും ഇതിലെ ദുരൂഹതയും നീക്കണമെന്ന് നിരാഹാര സമരത്തിന് നേതൃത്വം നൽകുന്ന സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു. അതിനിടെ മണിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ഭാര്യ നിമ്മിയും മകളും എത്തി.

കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് മണി മരണത്തിന് കീഴടങ്ങിയത്. ചാലക്കുടിയിലെ വസതിയുടെ ഒൗട്ട് ഹൗസായ പാഡിയിൽ അബോധാവസ്ഥയിൽ കണ്ട മണിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരണം സംഭവിച്ചത്. മണിയുടെ ശരീരത്തിൽ മെഥനോളിന്‍റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത്. തുടർന്ന് മണിയുടെ സഹായികളെ ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

മണിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. അന്വേഷണം സംബന്ധിച്ച വ്യക്തമായ തീരുമാനമാകാതെ സമരം നിർത്തില്ലെന്ന് പ്രഖ്യാപനത്തിലാണ് കുടുംബം. മണിയുടെ ചരമവാർഷിക ദിനമായ ഇന്ന് ബന്ധുക്കളും നിരവധി സിനിമാപ്രേമികളും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി.