മദ്യത്തെക്കാൾ വിലയുള്ളതാണ് ജീവനെന്ന്: സുപ്രീംകോടതി.

07:06 am 30/3/2017
images (1)

ദില്ലി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന ഉത്തരവിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ നാളെ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. മദ്യശാലകൾക്ക് വേണ്ടിയാണ് ഏറ്റവും അധികം പേരും വാദിക്കുന്നതെന്ന് പറഞ്ഞ കോടതി മദ്യത്തെക്കാൾ വിലയുള്ളതാണ് ജീവനെന്ന് ചൂണ്ടിക്കാട്ടി. ഉത്തരവിനെ എതിര്‍ക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരുകളല്ല, മദ്യശാല ഉടമകളാണെന്നും കോടതി നിരീക്ഷിച്ചു.

ദേശീയ-സംസ്ഥാന പാതകളിൽ മദ്യപിച്ച വാഹനമോടിച്ചുള്ള അപകടങ്ങൾ വര്‍ദ്ധിച്ചുവന്ന സാഹചര്യത്തിലാണ് പാതകളുടെ 500 മീറ്റര്‍ പരിധിയിൽ ഉള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടത്. ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളുടെ ഉൾപ്പടെ അമ്പതിലധികം അപേക്ഷകളാണ് സുപ്രീംകോടതിയിലെത്തിയത്.
പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് അറ്റോര്‍ണി ജനറൽ മുകുൾ റോത്തകി തെലങ്കാനക്ക് വേണ്ടി വാദിച്ചു. സുപ്രീംകോടതിയിലെ ഭൂരിഭാഗം മുതിര്‍ന്ന അഭിഭാഷകരും മദ്യശാലകൾക്ക് വേണ്ടിയാണ് കോടതിയിൽ ഹാജരായത്. മദ്യശാലകൾക്ക് വേണ്ടി വാദിക്കുന്നവരാണ് ഏറ്റവും അധികമെന്ന് ചൂണ്ടിക്കാട്ടിയ കോടതി മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ആര്‍ക്കും പറയാനില്ലേ എന്ന് ചോദിച്ചു. അപകടത്തിൽ ചിലപ്പോൾ തകര്‍ന്നുപോകുന്ന ഒരു കുടുംബമാകാം, കുടുംബത്തിലെ അത്താണിയാകാം. ഉത്തരവിനെ എതിര്‍ത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാകുന്നില്ല എന്ന് വാദിച്ച് ഒരു മുനിസിപ്പാലിറ്റ് പോലും കോടതിയിൽ എത്തിയിട്ടില്ലല്ലോ എന്നും ചീഫ് ജസ്റ്റിസ് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരുകൾക്കും പരാതിയില്ല. എന്തായാലും ഇത് ഗൗരവമുള്ള വിഷയമാണെന്ന് മനസ്സിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി എല്ലാ വശവും നാളെ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് പറഞ്ഞു. സംസ്ഥാനപാതകളിലെ മദ്യശാലകൾ മാറ്റുന്നതിനെ എതിര്‍ക്കുമ്പോൾ സംസ്ഥാന സര്‍ക്കാരുകൾ തന്നെയാണല്ലോ, സംസ്ഥാന പാതകൾ ഏതൊക്കെ എന്ന് തീരുമാനിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.