07:44 pm 6/4/2017
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുംവരെ നിരാഹാരസമരം തുടരുമെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം. അന്വേഷണ സംഘങ്ങളിൽ പ്രത്യേകിച്ചു കാര്യമില്ലെന്നും നടപടിയാണ് ആവശ്യമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി മരണംവരെ സമരം ചെയ്യാൻ ഒരുക്കമാണെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തും വ്യക്തമാക്കി.
അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരാഹാര സമരം തുടങ്ങിയിരുന്നു. ആശുപത്രിക്കു പുറത്തു മറ്റു ബന്ധുക്കളും നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്നാണ് മഹിജയുടെ പ്രഖ്യാപനം.
ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പ്രശ്നങ്ങൾക്കു കാരണം പോലീസാണെന്നും പോലീസിനെതിരെയാണ് സമരമെന്നും മഹിജ വ്യക്തമാക്കി. തങ്ങൾക്കെതിരേ അതിക്രമം നടത്തിയ പോലീസുകാരെ സസ്പെൻഡ് ചെയ്തതിനുശേഷം മാത്രമേ ഇനി ചർച്ചക്കുള്ളൂവെന്ന് അനുരഞ്ജന നീക്കവുമായെത്തിയവരെ ബന്ധുക്കൾ അറിയിച്ചതായും സൂചനയുണ്ട്.