08:47 pm 6/2/2017

കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളജ് അടച്ചുപൂട്ടും. നാളെ മുതൽ കോളജ് തുറന്ന് പ്രവർത്തിക്കരുതെന്ന് കാട്ടി മാനേജ്മെൻറിന് സാേങ്കതിക സർവകലാശാല സ്റ്റോപ് മെമ്മോ അയക്കാമെന്നും വിദ്യാർഥികളെ മറ്റ് കോളജുകളിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാമെന്നും വൈസ് ചാൻസലർ ഉറപ്പ് നൽകിയിട്ടുണ്ട്.
ടോംസ് കോളജിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. ടോംസ് കോളജിന് അടുത്ത വർഷം അഫിലിയേഷൻ റദ്ദാക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ കുട്ടികളുടെ പഠന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇന്ന് പുതിയ സെമസ്റ്റർ തുടങ്ങാനിരിക്കെ വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാർഥി സംഘടനാ പ്രവർത്തകരും വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. െഎസക്കിനെ പിക്കറ്റ് ചെയ്തു.
തർക്കത്തിനൊടുവിൽ കോളജിന് സ്റ്റോപ് മെമ്മൊ നൽകാമെന്ന് വിസി ഉറപ്പ് നൽകുകയായിരുന്നു. സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ ഇന്ന് തന്നെ കണ്ടെത്തി സർക്കാറിനെ അറിയിക്കുകയും സീറ്റുകൾ കുറവുള്ള കോഴ്സുകളിൽ അധിക ബാച്ചുകൾ ആരംഭിക്കാൻ സർവകലാശാല നടപടി സ്വീകരിക്കുകയും ചെയ്യും. ടോംസ് കോളജ് മാനേജ്മെൻറിന് നൽകിയ പണം തിരികെ ലഭിക്കാൻ രാജേന്ദ്രൻ കമീഷനെ സമീപിക്കുമെന്നും രക്ഷിതാക്കൾ അറിയിച്ചു.
