മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്.

04:39 Pm 9/3/2017
download (1)

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്​. ഏപ്രിൽ 12നാണ് പോളിങ്. ഏപ്രിൽ 17ന് ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.

മാർച്ച് 23 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മാർച്ച് 24ന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 27. ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിക്കും. മലപ്പുറം സിറ്റിങ് സീറ്റിൽ മുസ് ലിം ലീഗ് സ്ഥാനാർഥിയായി മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

ജമ്മു-കശ്മീരിലെ ശ്രീനഗര്‍, അനന്ത്നാഗ് എന്നീ ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും മലപ്പുറത്തിനൊപ്പം നടക്കും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുന്ന ഡോ. രാധാകൃഷ്ണൻ നഗർ സീറ്റ് അടക്കം 10 അസംബ്ലി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ തീയതികളും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കമീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ദേമാജി (അസം), ഭോരങ്ക് (ഹിമാചൽ പ്രദേശ്), അതർ, ബന്ദേവ (മധ്യപ്രദേശ്), കാന്തിദക്ഷിൻ (പശ്ചിമ ബംഗാൾ), ദോൽപുർ (രാജസ്ഥാൻ), നഞ്ചൻകോട്, ഗുണ്ടുൽപേട്ട് (കർണാടക), ഡോ. രാധാകൃഷ്ണൻ നഗർ (തമിഴ്നാട്), ലിതിപാറ (ജാർഖണ്ഡ്), അപ്പർ ബർട്ടക് (സിക്കിം), രജൗറി ഗാർഡൻ (ഡൽഹി) എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലി മണ്ഡലങ്ങൾ.