മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പൂർത്തിയാകാറായി

08:02 am 25/3/2017

download (4)

ദില്ലി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യവ്യവസായിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി കിട്ടി. യു.കെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനുമതി നല്‍കിയ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‍ട്രേറ്റിന്റെ പരിഗണനയ്‌ക്ക് വിട്ടു.
മല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് അയക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനമെടുക്കും. വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‍ലേയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ്പയെടുത്ത ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് മല്ല്യ ലണ്ടനിലേക്ക് കടന്നത്.
ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് മല്ല്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. തന്നെ കൈമാറണമെന്ന് ബ്രിട്ടനോട് പറയാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നും ബി.ജെ.പിയും കോണ്‍ഗ്രസും തന്നെ പന്തുതട്ടുകയാണെന്നും മല്ല്യ പറഞ്ഞിരുന്നു. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായ കിങ്ഫിഷറിന്റെ പേരിലുണ്ടായ നഷ്‌ടത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന് വരുത്തിത്തീര്‍ത്ത് തന്നില്‍ നിന്ന് മാത്രം കടം തിരിച്ചുപിടിക്കാനാണ് ബാങ്കുകളുടെ ശ്രമമെന്നും വെറും സിവില്‍ കേസിനെ ക്രിമിനല്‍ കേസാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യ പ്രകാരമാണെന്നും മല്ല്യ ആരോപിച്ചിരുന്നു.