07.34 PM 02/05/2017
കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്നും പൊലിസ് മാരകായുധങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് താല്‍ക്കാലികമായി അനുവദിച്ച മുറികളില്‍ നിന്നുമാണ് മാരാകായുധങ്ങള്‍ പൊലിസ് പിടികൂടിയത്. പരീക്ഷ കഴിഞ്ഞതിനാല്‍ ഹോസ്റ്റലില്‍ കുട്ടികളുണ്ടായിരുന്നില്ല. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് ഹോസ്റ്റലില്‍നിന്നും കണ്ടെടുത്തത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആര്‍.വി ഹോസ്റ്റലില്‍ നിന്നും താല്‍ക്കാലികമായി കുട്ടികളെ ഒഴിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ 19 കുട്ടികള്‍ക്ക് അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയിരുന്നു. ഒന്നാം നിലയില്‍ 13, 14, 15 മുറികളാണ് കുട്ടികള്‍ക്ക് അനുവദിച്ചിരുന്നത്. ഇതില്‍ 14 ാം നമ്പര്‍ മുറിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പരീക്ഷയോടനുബന്ധിച്ച് കുട്ടികള്‍ നേരത്തേതന്നെ ഹോസ്റ്റലില്‍നിന്നും ഒഴിഞ്ഞിരുന്നു. എന്നാല്‍ ഈ മുറിയുടെ താക്കോല്‍ കുട്ടികള്‍ തിരികെ ഏല്‍പ്പിച്ചിരുന്നില്ലെന്ന് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാര്‍ഡന്‍ മറ്റൊരു താക്കോലുപയോഗിച്ച് മുറിപൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹോസ്റ്റലിന്റെ പുറകില്‍നിന്നും 14ാം നമ്പര്‍ മുറിയുടെ ജനാലയിലേക്ക് ഏണിവച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. അതേസമയം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കകത്ത് മാരകായുധങ്ങള്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. സെന്‍ട്രല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹോസ്റ്റലില്‍ എത്തി ആയുധങ്ങള്‍ കസ്്റ്റഡിയിലെടുത്തു. അതേസമയം കുട്ടികളുടെ മുറിയില്‍ പോലീസ് എത്തിയതറിഞ്ഞ് എസ്.എഫ്.ഐ നേതാക്കള്‍ പ്രതിഷേധവുമായെത്തി. അധ്യാപകരുടെ ഹോസ്റ്റല്‍ കുട്ടികള്‍ക്ക് നല്‍കിയതിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു. കുട്ടികള്‍ ഹോസ്റ്റല്‍ ഒഴിഞ്ഞതിനുശേഷം ആയുധങ്ങള്‍ പിടിച്ചെടുത്തത് ആസൂത്രിതമാണ്. കുട്ടികളെ ഹോസ്റ്റലില്‍ കയറ്റാതിരിക്കാനാണ് ശ്രമമെന്നും ഇവര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.