01:48 PM 09/12/2016

കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് യുവമോർച്ച. മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍റെ ബന്ധുക്കള്‍ എത്തി മൃതദേഹം സ്വീകരിച്ചതിന് ശേഷം കോഴിക്കോട് വർഗീസ് സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് പൊതുദര്‍ശനത്തിനുവെച്ച് കോഴിക്കോടുതന്നെ സംസ്കരിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം.
എന്നാൽ പൊതുദർശനം അനുവദിക്കില്ലെന്ന ആവശ്യവുമായി യുവമോർച്ച, ബി.ജെ.പി, ശിവസേന പ്രവർത്തകർ പൊറ്റമ്മൽ-കുതിരവട്ടം റോഡിൽ കുത്തിയിരിക്കുകയാണ്. മൃതദേഹം വിട്ടുകൊടുക്കുന്നതിൽ തങ്ങൽക്ക് എതിർപ്പില്ല. എന്നാൽ ഒരു കാരണവശാലും പൊതുദർശനം അനുവദിക്കില്ലെന്നാണ് യുവമോർച്ച പ്രവർത്തതകരുടെ നിലപാട്.
ഭീഷണിയെ തുടർന്ന് മൃതദേഹം നേരിട്ട് സംസ്കരിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് കുപ്പു ദേവരാജിന്‍റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് തീരുമാനമെടുക്കും. മൃതദേഹം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കുമെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്.
നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജ് (61), ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന കാവേരി എന്ന അജിത (46) എന്നിവരുടെ മൃതദേഹമാണ് നവംബര്‍ 25 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
ബന്ധുക്കളെ കണ്ടത്തൊനാവാത്ത അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു. മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി കുപ്പു ദേവരാജിന്‍റെ ബന്ധുക്കൾ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു.
