08;08 pm 3/2/2017
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ നടത്തിയതുപോലുള്ള മിന്നലാക്രമണം ഇനിയും നടത്തിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിക്കുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
പാകിസ്താൻ നല്ല അയൽരാജ്യമാണ്. നല്ല മാറ്റമാണ് അവരിൽനിന്നും ഉണ്ടാകുന്നതെങ്കിൽ മിന്നലാക്രമണ സംഭവങ്ങൾ ഇനിയുണ്ടാകില്ല. ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാൽ നോക്കിയിരിക്കാൻ സാധിക്കില്ല.
മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കിയാൽ പോരെന്നും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാജ്നാഥ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഇന്ത്യയെ പിന്തുണക്കാതിരിക്കുന്ന ചൈനയെ മന്ത്രി വിമർശിച്ചു. ആഭ്യന്തരകാര്യങ്ങളെ തുടർന്നാണു ചൈന ഇന്ത്യയെ പിന്തുണക്കാതിരിക്കുന്നത്. ഭാവിയിൽ അവർ ഇന്ത്യക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.