മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി..

09:35 am 16/3/2017
download (4)

കൊച്ചി: സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഹൈകോടതിയുടെ സമീപമുള്ള ഒരു ഫ്ലാറ്റിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

ആത്മഹത്യാണെന്ന് ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹൈകോടതിക്ക് സമീപത്ത് നിന്നും ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും, നടക്കുന്ന രീതിയും വച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പോലീസ് ഉറപ്പിച്ചത്. ഹൈകോടതിക്ക് സമീപത്തുള്ള ഒരു ഫ്ലാറ്റിലെ സി.സി.ടി.വിയില്‍ ഏഴ് മണിക്കാണ് മിഷേലിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. നേരത്തെ സംഭവ ദിവസം അഞ്ചരയോടെ കലൂര്‍ പള്ളിയില്‍ മിഷേല്‍ എത്തുന്ന ദൃശ്യങ്ങളും ആറെ കാലോടെ അവിടെ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളിലും മിഷേല്‍ ഒറ്റക്കാണ് പോകുന്നത്.

കേസില്‍ നിര്‍ണ്ണായകമായ ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറും. നേരത്തെ വൈപ്പിന്‍ സ്വദേശിയായ അമല്‍ വില്‍ഫ്രെഡ് എന്നയാള്‍ മിഷേലിനെ പോലെ ഒരാളെ ഏഴരയോടെ ഗോശ്രീ പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയതായി പറഞ്ഞിരുന്നു.

മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്‍റെ മൃതദേഹം കണ്ടത്. പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു. കാണാതായ ദിവസം വൈകീട്ട് മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ തികച്ചും സാധാരണ മട്ടില്‍ പെരുമാറുകയും പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങുന്നതുമാണുള്ളത്.

മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിൻ അലക്സാണ്ടറിന്‍റെ നിരന്തര ശല്യത്തെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് ക്രോണിൻ അലക്സാണ്ടറുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.