03:03 pm 20/1/2017

കൊച്ചി: പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവു വന്നതോടെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. കൊച്ചിയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് പാൽ വില കൂട്ടാൻ തീരുമാനിച്ചത്. ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന കാര്യം സർക്കാരുമായി ആലോചിച്ച് തീരുമാനിക്കും.
വരൾച്ച മൂലം പച്ചപുല്ലും വെള്ളവും ലഭിക്കാത്തത് ആഭ്യന്തര പാലുൽപാദനത്തെ ബാധിച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പാലിെൻറ വില കൂട്ടിയതുമാണ് വില വർധനവിന് കാരണമായി മിൽമ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റർ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രണ്ടരലക്ഷം ലിറ്റർ പാൽ വാങ്ങിയിരുന്ന സ്ഥാനത്തു മൂന്നരലക്ഷം ലീറ്റർ പാലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും മിൽമ വാങ്ങുന്നത്. പാൽ നൽകുന്ന കർണാടകയും തമിഴ്നാടും പാലിന് വില വർധിപ്പിച്ചതും തിരിച്ചടിയായി. ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ മിൽമ ആവശ്യപ്പെടുമെന്നാണ് സൂചന.
