ലഖ്നോ: സമാജവാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി. ആറ് വർഷത്തേക്കാണ് നടപടി. അഖിലേഷ് ഇന്ന് രാജിവെക്കുമെന്ന് സൂചനയുണ്ട്. ബന്ധുവും മുതിർന്ന പാർട്ടി നേതാവുമായ രാം ഗോപാൽ യാദവിനെയും മുലായം പുറത്താക്കിയിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് രാം ഗോപലിനെതിരായ നടപടി. മുഖ്യമന്ത്രിയെ തെറ്റായ രീതിയിൽ നടത്തിച്ചെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. ഇരുവരും പാർട്ടിയെ ദുർബലമാക്കിയതായും മുലായം ആരോപിച്ചു. ഇന്ന് രാത്രി 9.30ന് അഖിലേഷ് വാർത്താസമ്മേളനം നടത്തും.
‘ഞാനാണ് അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത്. ഇപ്പോൾ അവൻ എന്നോട് കൂടിയാലോചനകൾ പോലും നടത്താറില്ല- മകൻെറ പുറത്താക്കൽ പ്രസ്താവന നടത്തവേ മുലായം വ്യക്തമാക്കി. അഖിലേഷ് യാദവിന് പകരം ആര് മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ച് മുലാം പ്രതികരിച്ചില്ല. നിർണായക തെരഞ്ഞെടുപ്പിലേക്ക് ഉത്തർ പ്രദേശ് നീങ്ങുന്നതിനിടെയാണ് ഭരണകക്ഷിയിലെ പൊട്ടിത്തെറി. കഴിഞ്ഞ കുറച്ചുകാലമായി യു.പിയിലെ ഭരണകക്ഷി പിളർപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പാർട്ടി അധ്യക്ഷൻ മുലായത്തിനെതിരെ രാം ഗോപാൽ യാദവ് അനുകൂലികളായ എം.എൽ.എമാരുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം വിളിച്ചിരുന്നു.
പുറത്താക്കലിന് മുമ്പ് അഖിലേഷിന് മുലായം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മുലായത്തിെൻറ സ്ഥാനാർത്ഥി പട്ടികക്കെതിരെ വ്യാഴാഴ്ച അഖിലേഷ് യാദവ് ബദൽ പട്ടിക പുറത്തിറക്കിയിരുന്നു. ഇതാണ് മുലായത്തെ ചൊടിപ്പിച്ചതും കടുത്ത നടപടികൾ എടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതും. മുലായം സിങ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ യോഗം നാളെ വിളിച്ചിട്ടുണ്ട്. അഖിലേഷ് പ്രഖ്യാപിച്ച 235 അംഗ ലിസ്റ്റിൽ 187 പേർ മുലായത്തിൻെറ ലിസ്റ്റിൽ ഉൾപെട്ടവരാണ്. അങ്ങനെയെങ്കിൽ നാളത്തെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുന്നു എന്നത് നിർണായകമാണ്.
നേരത്തെ മുലായം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ അഖിലേഷ് യാദവിെൻറ പല വിശ്വസ്തരും ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ശിവ്പാൽ യാദവ് ഉൾപ്പെടെയുള്ള അഖിലേഷിെൻറ പല എതിരാളികളും ഉൾപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ബദൽ സ്ഥാനാർത്ഥി പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കിയത്.