മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മരവിച്ചു

07:42 am 2/4/2017


ഇടുക്കി: മൂന്നാറിലെ കയ്യേറ്റ കേസ്സുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ രൂപീകരിച്ച മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം മരവിച്ചു.കയ്യേറ്റം സംബന്ധിച്ച കേസ് ഫയലുകള്‍ റവന്യൂ വകുപ്പ് ട്രൈബ്യൂണലിന് കൈമാറാത്തതാണ് കാരണം. മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണം, സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം, വ്യാജപ്പട്ടയം എന്നീ വിഷയങ്ങളില്‍ സമയബന്ധിതമായി തൂര്‍പ്പുണ്ടാക്കാന്‍ 2010 ലാണ് മൂന്നാര്‍ പ്രത്യേക ട്രൈൂബ്യൂണല്‍ സ്ഥാപിച്ചത്.
ഒരു ജില്ലാ ജഡ്ജി ഉള്‍പ്പെടെ മൂന്നു പേരാണ് അംഗങ്ങള്‍. സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും മറ്റും മാത്രമാണ് ട്രൈബ്യൂണല്‍ ആദ്യം പരിഹരിച്ചിരുന്നത്. മൂന്നു വര്‍ഷം മുമ്പ് ഒരു ഹൈക്കോടതി വിധിയിലുടെ എട്ടു വില്ലേജുകളിലെ ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ മുഴുവന്‍ ഇവിടേക്ക് മാറ്റി. ഇതോടെ സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കം വരെ ഇവിടെത്തി.
പിന്നീട് ഇത്തരത്തിലുളള നിരവധി കേസ്സുകള്‍ പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസുകളുമായി ബന്ധപ്പെട്ടു ഹാജരാക്കിയ മൂന്നാറിലെ നാല്‍പ്പതോളം പട്ടയങ്ങള്‍ വ്യാജമാണെന്ന ട്രൈബ്യൂണലിന്‍റെ വിധി സുപ്രീം കോടതി വരെ അംഗീകരിച്ചു. സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ എല്ലാം ട്രൈബ്യൂണലിലേക്ക് അയക്കണമെന്നാണ് നിബന്ധന.
എന്നാല്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നു. പ്രവര്‍ത്തനത്തിനുള്ള നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയിലുമാണ്. വര്‍ഷം തോറും കോടിക്കണക്കിനു രൂപ ചെലവാക്കുന്ന വെള്ളാനയായി മാറിയിരിക്കുകയാണ് മൂന്നാര്‍ ട്രൈബ്യൂണലിപ്പോള്‍.