മൂന്നു ലക്ഷത്തിലേറെ രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ തുല്യ തുകക്ക് പിഴ .

08:30 am 6/2/2017
images
ന്യൂഡല്‍ഹി: മൂന്നു ലക്ഷത്തിലേറെ രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ തുല്യ തുകക്ക് പിഴ ചുമത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കള്ളപ്പണം തടയുന്നതിനായി ഈ വര്‍ഷത്തെ ബജറ്റിലുണ്ടായിരുന്ന നിര്‍ദേശമാണിത്. നാല് ലക്ഷം രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ വാങ്ങുന്നയാള്‍ നാലു ലക്ഷം രൂപതന്നെ പിഴയൊടുക്കേണ്ടിവരും.

50 ലക്ഷം രൂപയാണ് വാങ്ങുന്നതെങ്കില്‍ 50 ലക്ഷംതന്നെയാണ് പിഴ. ഒരാള്‍ പണം നോട്ടായി നല്‍കി വിലകൂടിയ വാച്ച് വാങ്ങിയാല്‍ കടയുടമയായിരിക്കും പിഴ നല്‍കേണ്ടത്. കള്ളപ്പണത്തിനറുതി വരുത്താനാണ് നോട്ട് അസാധുവാക്കല്‍ നടപടി കൊണ്ടുവന്നതെന്നും വരുംതലമുറയെയും കള്ളപ്പണത്തില്‍നിന്ന് മാറ്റിനിര്‍ത്താനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വന്‍ പണമിടപാടുകളും സര്‍ക്കാര്‍ നിരീക്ഷണത്തിലായിരിക്കും.

രണ്ട് ലക്ഷത്തിനുമുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ സമര്‍പ്പിക്കുകയെന്ന നിയമവും നിലനില്‍ക്കുമെന്നും ആധിയ പറഞ്ഞു. മൂന്നു ലക്ഷം രൂപയില്‍ കൂടുതല്‍ ഒറ്റ ഇടപാടില്‍ കറന്‍സിയായി കൈമാറ്റം ചെയ്യരുതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി 2017-18 വര്‍ഷത്തെ ബജറ്റില്‍ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ സര്‍ക്കാര്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക്, കോഓപറേറ്റിവ് ബാങ്ക് എന്നിവക്ക് ബാധകമല്ല.