മൂന്നു വര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയില്‍.

08:09 am 17/1/2017
download
കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് മൂന്നു വര്‍ഷത്തിനുശേഷം റബര്‍ വില 150 രൂപയില്‍. തിങ്കളാഴ്ച കോട്ടയം വിപണിയില്‍ ആര്‍.എസ്.എസ് നാല് ഗ്രേഡ് റബര്‍ കിലോക്ക് 150 രൂപ കടന്നു. 2013 മാര്‍ച്ചിനുശേഷം ആദ്യമായാണ് വില 150ല്‍ തൊട്ടത്. എന്നാല്‍, റബര്‍ ബോര്‍ഡ് വില തിങ്കളാഴ്ച 149 രൂപയായിരുന്നു.
കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡ് വിലയെക്കാള്‍ സാധാരണ മൂന്ന്-നാല് രൂപ കുറച്ചുമാത്രമായിരുന്നു വ്യാപാരികള്‍ നല്‍കിയിരുന്നത്. നിലവില്‍, രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ റബര്‍ ബോര്‍ഡ് വിലയെക്കാള്‍ ഉയര്‍ന്ന തുകക്ക് ടയര്‍ കമ്പനികള്‍ കര്‍ഷകരില്‍നിന്ന് വാങ്ങിയതാണ് കോട്ടയം വിപണിയില്‍ വില ഉയരാന്‍ കാരണം.
രാജ്യാന്തര വില ഉയര്‍ന്നതിന്‍െറ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയിലും വില ഉയര്‍ന്നത്. ബാങ്കോക് വില തിങ്കളാഴ്ച 4.49 രൂപ വര്‍ധിച്ച് 181.47 രൂപയിലത്തെി. മലേഷ്യന്‍ വില 3.70 രൂപകൂടി 155.43 രൂപയായി.
അതേസമയം, രാജ്യന്തര വിലയിലെ വര്‍ധനക്ക് അനുസരിച്ചുള്ള നേട്ടം ഇപ്പോഴും സംസ്ഥാനത്തെ കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. നിലവില്‍ ആഭ്യന്തര വിലയും രാജ്യാന്തര വിലയും തമ്മിലുള്ള അന്തരം 31 രൂപയാണ്. ആഭ്യന്തരവിപണിയില്‍ വില ഉയരാതിരിക്കാന്‍ കണക്കാക്കി ടയര്‍ കമ്പനികള്‍ സംഘടിതമായി വന്‍തോതില്‍ റബര്‍ വാങ്ങുന്നില്ല. ഒറ്റപ്പെട്ട ചില കമ്പനികളാണ് ഇപ്പോള്‍ വിപണിയില്‍നിന്ന് റബര്‍ വാങ്ങുന്നത്.
2013 ജനുവരിയില്‍ രാജ്യാന്തര വില 181 രൂപയില്‍ എത്തിയപ്പോള്‍ ആഭ്യന്തര വില 161.50 രൂപയുണ്ടായിരുന്നു. 2013 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണു മുമ്പ് വില 150 രൂപയുണ്ടായിരുന്നത്. പിന്നീട് 100 രൂപയിലേക്കു കൂപ്പുകുത്തി. ഏപ്രിലില്‍ 144 രൂപയില്‍ വരെയത്തെിയിരുന്നു.
അതേസമയം, വില 150ലേക്ക് എത്തിയതോടെ റബര്‍ വിലസ്ഥിരത പദ്ധതി സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 150 രൂപ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. അതത് ദിവസത്തെ റബര്‍ ബോര്‍ഡ് വിലയും 150 രൂപയും തമ്മിലുള്ള അന്തരമാണ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
റബര്‍ബോര്‍ഡ് വില 149ലേക്ക് എത്തിയതോടെ ഒരുരൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. വില ഉയരാനുള്ള സാധ്യതയുള്ളിനാല്‍ അടുത്തദിവസം ബോര്‍ഡ് വില 150 എത്തും. ഇതോടെ പദ്ധതിയുടെ പ്രസക്തി നഷ്ടമാകും.
അതേസമയം, പദ്ധതി പ്രകാരം ബില്ലുകള്‍ സമര്‍പ്പിച്ച കര്‍ഷകര്‍ക്ക് കോടികള്‍ ലഭിക്കാനുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ 500 കോടി പദ്ധതിക്കായി നീക്കിവെച്ചെങ്കിലും തുക വിതരണം കാര്യക്ഷമമായില്ല.