07:03 am 28/4/2017
മൂന്നാർ: ആം ആദ്മി പാർട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. എഎപി പ്രവർത്തകർ ഇക്കാര്യം സംബന്ധിച്ച് സംസാരിക്കാൻ സമരപ്പന്തലിൽ എത്തിയപ്പോൾ ഒരു സംഘം ആളുകൾ പ്രശ്നമുണ്ടാക്കുകയായിരുന്നു. മൂന്നാറിലെ പ്രശ്നം മൂന്നാറുകാർക്ക് പരിഹരിക്കാനറിയാം. പുറത്തുനിന്നുള്ള ആളുകൾ മൂന്നാറിൽ സമരം നടത്തേണ്ടെന്ന് പറഞ്ഞ് ചില ആളുകൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നു.
പ്രശ്നം ഉണ്ടാക്കിയവർ സിപിഎം പ്രവർത്തകരാണെന്ന് ഗോമതി ആരോപിച്ചു. ഇതിനിടെ സമരപ്പന്തൽ പൊളിക്കാനും ശ്രമം ഉണ്ടായി. പന്തൽ ഉടമയാണ് പൊളിക്കാൻ ശ്രമം നടത്തിയത്. പന്തലിന്റെ വാടക ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പൊളിക്കാൻ ഉടമ രംഗത്തെത്തിയത്. വെള്ളിയാഴ്ച പണം എത്തിക്കാമെന്ന് എഎപി പ്രവർത്തകർ പറഞ്ഞിട്ടും ഇയാൾ പിൻവാങ്ങിയില്ല. പോലീസ് എത്തിയാണണ് സംഘർഷം ഒഴിവാക്കിയത്.
ആം ആദ്മി പ്രവർത്തകരേയും ഗോമതിയേയും ചേർത്ത് വ്യാജമായി നിർമിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടർന്നാണ് ഗോമതി എഎപിക്കെതിരെ നിലപാടെടുത്തത്. എന്നാൽ ഇത് ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുമെന്നാണ് എഎപിയുടെ നിലപാട്. ഇതിനിടെയാണ് ഒരു സംഘം ആളുകൾ സംഘർഷമുണ്ടാക്കിയത്.