മോദിയുടെ വ്യക്തിപരമായി അഴിമതി വിവരം സഭക്കുള്ളില്‍ വെളിപ്പെടുത്താനാണ് ആഗ്രഹമെന്നാണ് രാഹുല്‍ ഗാന്ധി

08:10 am 16/12/2016
images (4)

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി അഴിമതി നടത്തിയ വിവരം തന്‍െറ പക്കലുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചെങ്കിലും ഉള്ളടക്കം പുറത്തുവരാനുള്ള സാധ്യത ഒരു ദിവസം പിന്നിട്ടപ്പോള്‍ മങ്ങി. പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. അഴിമതി സഭക്കുള്ളില്‍ വെളിപ്പെടുത്താനാണ് ആഗ്രഹമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതിന് അനുകൂലമായ അന്തരീക്ഷം സഭയില്‍ ഇല്ല.

അഴിമതി ആരോപണം ലോക്സഭയില്‍ ഉന്നയിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്‍െറ കാരണം ഇതിനിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. നിയമനടപടികളില്‍നിന്നുള്ള പരിരക്ഷ തന്നെ പ്രധാന കാരണം. സഭയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തി അംഗത്തിനെതിരെ കോടതിയില്‍ നിയമയുദ്ധം നടത്താന്‍ കഴിയില്ല. സഭയില്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി ഉന്നയിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് അത്ര എളുപ്പവുമല്ല. സ്പീക്കറുടെ അനുമതി ആവശ്യമാണ്.

ആരോപണം ഉന്നയിക്കുന്നതിനുമുമ്പ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുകയും വേണം. ആരോപണവിധേയനായ മന്ത്രിക്ക് മറുപടി പറയാന്‍ അവസരം നല്‍കുന്നതിന് വേണ്ടിയാണിത്. സഭാംഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണം തടയാന്‍ സ്പീക്കര്‍ക്ക് അവകാശമുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിഷയാവതരണം ബി.ജെ.പി അംഗങ്ങളാകട്ടെ, ബഹളമുണ്ടാക്കി അലങ്കോലപ്പെടുത്തുകയും ചെയ്യും.

ഫലത്തില്‍ വിഷയം ഇനി സഭയില്‍ ഉന്നയിക്കാന്‍ രാഹുലിന് കഴിഞ്ഞെന്നുവരില്ല. കോടതി നടപടികളെ ഭയക്കുന്നുവെങ്കില്‍ പുറത്ത് വെളിപ്പെടുത്താനും സാധിക്കില്ല. പക്ഷേ, ഇത്തരം സാഹചര്യത്തില്‍ മറ്റൊരു ഉപായമുണ്ട്. പ്രധാനമന്ത്രിയെ പേരെടുത്തുപറയാതെ സഭയില്‍ ആരോപണമുന്നയിക്കാന്‍ എം.പിക്ക് കഴിയും. അതിനും വെള്ളിയാഴ്ച സാഹചര്യം ഉരുത്തിരിഞ്ഞുവരില്ല.

1981ല്‍ വടകര എം.പിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ അന്നത്തെ ശാസ്ത്ര-സാങ്കേതിക മന്ത്രി സി.പി.എന്‍. സിങ്ങിനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വിഷമം പിടിച്ചതായി മാറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ജി. ലക്ഷ്മണന്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിനൊപ്പമായിരുന്നു.
രണ്ടര വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം നേര്‍ക്കുനേര്‍ അഴിമതി ആരോപണം ഉന്നയിക്കുന്നത് ഇതാദ്യം.

പ്രധാനമന്ത്രിയുടെ അഴിമതിക്ക് പാര്‍ലമെന്‍റിന് പുറത്ത് തെളിവുനിരത്താന്‍ രാഹുല്‍ തയാറാവുമോ എന്ന് ഇനിയുള്ള ദിവസങ്ങളിലാണ് അറിയേണ്ടത്. എന്നാല്‍, സര്‍ക്കാറില്‍ പിരിമുറുക്കം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വീറോടെ പ്രഹരിക്കുമെന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞു. പക്ഷേ, ഗുരുതരമായ ആരോപണം ഉന്നയിച്ചതിന്‍െറ ജ്വരത്തിനപ്പുറം ഒന്നുമില്ളെന്നുവന്നാല്‍ രാഹുലിന്‍െറ വിശ്വാസ്യതക്കാണ് പരിക്കേല്‍ക്കുക.