06:44 pm 26/2/2017
ഷില്ലോംഗ്: മേഘാലയയിൽ വാഹനാപകടത്തിൽ 16 പേർ മരിച്ചു. അപകടത്തിൽ അന്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ദോഹ്ക്രോഹിലായിരുന്നു അപകടം. റോഡിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ലോറിയിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ അറുപതിലേറെ ആളുകളാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്നവർ കൊക്കയിലേക്ക് വീഴുകയായിരുന്നു. ലോൻഗ്ലാംഗിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ക്രിസ്തീയ വിശ്വാസികളാണ് അപകടത്തിൽപെട്ടത്.
മരിച്ചവരിൽ ഒന്പതു പേർ സ്ത്രീകളും 13 കുട്ടികളുമാണ്. 12 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് പറയുന്നു.

