മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍ 31-ന്

11:00 am 30/12/2016

– ബിജു ചെറിയാന്‍
Newsimg1_35350918

ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പുണ്യശ്ശോകനായ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ ഒന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ (ദു:ഖറോനോ) അമേരിക്കയിലെ പ്രഥമ മലങ്കര ദേവാലയമായ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ 31-നു ശനിയാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു.

അമേരിക്ക, കാനഡ, യൂറോപ്പ് ക്‌നാനായ അതിഭദ്രാസനാധിപനായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മികത്വം വഹിക്കും. ശനിയാഴ്ച രാവിലെ 9.15-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യ കാര്‍മികത്വത്തിലും, അനേകം വൈദീകരുടെ സഹകരണത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഭക്തിനിര്‍ഭരമായ ഓര്‍മ്മപ്പെരുന്നാളിലും ഇതര ചടങ്ങുകളിലും ഏവരും പങ്കെടുക്കണമെന്നു പള്ളികാര്യത്തില്‍ നിന്നും വികാരി റവ. ഫാ. രാജന്‍ പീറ്റര്‍, സഹവികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല എന്നിവരും ഇതര പള്ളി ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു.

കാല്‍നൂറ്റാണ്ട് മലബാര്‍ ഭദ്രാസനത്തിന്റെ അജപാലകനായിരുന്നുകൊണ്ട് ഭദ്രാസനത്തിന്റെ പുരോഗതിക്കൊപ്പം പരിശുദ്ധ സുറിയാനി സഭയ്ക്ക് പുതിയ ദിശാബോധവും കാഴ്ചപ്പാടും കൈവരിക്കുന്നതിന് കഠിനയത്‌നം ചെയ്ത ആചാര്യശ്രേഷ്ഠനായിരുന്നു യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് തിരുമേനി. സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി, പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സെക്രട്ടറി, വൈദീക സെമിനാരി പ്രസിഡന്റ്, വിവിധ ഭക്തസംഘടനകളുടെ അമരക്കാരന്‍ എന്നീ നിലകളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു ഉന്നത ബിരുദധാരിയായ അദ്ദേഹം.

സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് പള്ളിയുടെ വികാരിയായി നിയമിതനായി അമേരിക്കയില്‍ എത്തിയ അദ്ദേഹം അമേരിക്കന്‍ അതിഭദ്രാസനത്തിന് അടിത്തറ പാകുവാനും വിവിധ കേന്ദ്രങ്ങളില്‍ ആരാധനാലയം ആരംഭിക്കുവാനും സമര്‍ത്ഥവും സമര്‍പ്പിതവുമായ സേവനം നല്‍കി.

അദ്ദേഹത്തിന്റെ ഭൗതീക ശരീരം കബറടക്കം ചെയ്തിരിക്കുന്ന കോട്ടയം പാമ്പാടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ഓര്‍മ്മപ്പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഏറെനാള്‍ കര്‍മ്മമണ്ഡലമായിരുന്ന മലബാറിലെ മീനങ്ങാടിയിലും മലങ്കരയിലെ വിവിധ കേന്ദ്രങ്ങളിലും ദുഖ്‌റോനോ പെരുന്നാള്‍ ആചരിക്കുന്നു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.