പനാജി: ഗോവയിൽ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറെ മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി എംഎൽഎമാർ. ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎമാർ പ്രമേയം പാസാക്കി. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. എംജെപി, ഗോവ ഫേർവേഡ് പാർട്ടി സ്വതന്ത്രർ എന്നിവരെ ചേർത്ത് സർക്കാർ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
40 അംഗ നിയമസഭയിൽ ബിജെപിക്ക് 13 സീറ്റും കോൺഗ്രസിന് 17 സീറ്റുമാണുള്ളത്. മഹാരാഷ്ട്രവാദി ഗോമാതക് പാർട്ടി (എംജെപി), ഗോവ ഫേർവേഡ് പാർട്ടി, സ്വതന്ത്രർ എന്നിവർക്ക് മൂന്നു സീറ്റുകൾ വീതവും എൻ സിപിക്ക് ഒരു സീറ്റും ലഭിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 21 പേരുടെ പിന്തുണയാണ്.