കട്ടപ്പന: പൊന്പിളൈ ഒരുമൈ സമരത്തിനെതിരേ മന്ത്രി എം.എം.മണി അധിക്ഷേപ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ എൻഡിഎ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. മന്ത്രി മണി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും മൂന്നാറിൽ പൊന്പിളൈ ഒരുമൈ നേതാക്കൾ സമരം തുടരുന്നതിനെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പൊന്പിളൈ ഒരുമൈ കൂട്ടായ്മക്കാർക്ക് മൂന്നാറിലെ സമരസമയത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പരിഹാസം. അടിമാലി ഇരുപതേക്കറിൽ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ ദ്വയാർഥപ്രയോഗം. പൊന്പിളൈ ഒരുമൈ സമരം ഒരു ഡിവൈഎസ്പി സ്പോണ്സർ ചെയ്തതാണ്. അവിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും മണി പറഞ്ഞു.
മണിയുടെ പരാമർശത്തിനെതിരേ മുഖ്യമന്ത്രിയടക്കമുള്ളവർ രംഗത്തുവന്നിരുന്നു. മണിയുടെ പ്രസ്താവന ശരിയല്ലെന്ന് പിണറായി ഡൽഹിയിൽ പറഞ്ഞു. മന്ത്രി മണിയുടെ പരാമർശത്തിൽ ദുഖിക്കുന്നുവെന്നായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം. മണിയുടെ പ്രസ്താവന നിർഭാഗ്യകരമായെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും സ്ത്രീകളെ അപമാനിക്കുന്ന മന്ത്രിയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നു മുൻ എംപി ടി.എൻ.സീമ പറഞ്ഞു.