7:34 am 10/6/2017
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയ ഇടതുസർക്കാർ തീരുമാനത്തിനെതിരേ ഈ മാസം 15 മുതൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമര പരിപാടികൾ ആരംഭിക്കാൻ യുഡിഎഫ് യോഗ തീരുമാനം. സംസ്ഥാനത്തെ മദ്യശാലകൾ വ്യാപകമായി തുറക്കാനുള്ള എൽഡിഎഫ് തീരുമാനത്തിനു പിന്നിൽ ബാർ കൊള്ളയാണു നടന്നതെന്നു യുഡിഎഫ് തീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷ നേതാവും മുന്നണി ചെയർമാനുമായ രമേശ് ചെന്നിത്തല പറഞ്ഞു.
മദ്യലോബികളുമായി ചേർന്നു വൻ അഴിമതിക്കു സർക്കാർ വാതിൽ തുറന്നിടുകയാണ്. ജനങ്ങളെ മദ്യം കുടിപ്പിച്ചു ഭരിക്കുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറി. മദ്യനയത്തിന്റെ മറവിൽ ഇനിയും കൂടുതൽ ബാറുകൾ തുറക്കാനാണു സർക്കാരിന്റെ രഹസ്യ അജൻഡ. കഴിഞ്ഞ ഒരു വർഷമായി സർക്കാരിന്റെ എല്ലാ തീരുമാനങ്ങളെയും എതിർത്തുവന്ന സിപിഐയും ഒപ്പംചേർന്നതു മദ്യരാജാക്കന്മാരും സർക്കാരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്നു വ്യക്തമാക്കുന്നതാണ്. മദ്യലോബിയുമായുള്ള ബന്ധത്തിൽ പിണറായി കാനം തർക്കംപോലും അലിഞ്ഞില്ലാതായി. യുഡിഎഫിന്റെ മദ്യനയം പരാജയമാണെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമാണ്. യുഡിഎഫ് മദ്യനയത്തിനു ശേഷമാണു സംസ്ഥാനത്തു റോഡപകടങ്ങളും കുടുംബവഴക്കുകളും കുറഞ്ഞത്. തെരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണി മദ്യലോബിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോഴത്തെ മദ്യനയത്തിലേക്കു നയിച്ചത്. ഇതു കേരളത്തെ തകർച്ചയിലേക്കു നയിക്കും.
മദ്യനിയന്ത്രണത്തിനുശേഷം മയക്കുമരുന്നിന്റെ വ്യാപനം വർധിക്കാൻ കാരണം സർക്കാർ നയമാണ്. പോലീസും എക്സൈസും മയക്കുമരുന്നു കണ്ടെടുക്കാൻ നടപടിയെടുത്തില്ല. ക്ലീൻ കാമ്പസ്, സേഫ് കാമ്പസ് പോലുള്ള പദ്ധതികൾ നിർത്തലാക്കി. മദ്യനിയന്ത്രണത്തിനു ശേഷം കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞുവെന്നതു ശരിയല്ല.
സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലും കേന്ദ്രത്തിന്റെ കന്നുകാലിനിയന്ത്രണ വിജ്ഞാപനത്തിലും പ്രതിഷേധിച്ച് ഈ മാസം 15ന് രാവിലെ പത്തിന് 140 നിയോജക മണ്ഡലത്തിലും ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും. സമരപരിപാടികൾ വിജയിപ്പിക്കാൻ 12ന് യുഡിഎഫ് ജില്ലാ കമ്മിറ്റികൾ ചേരും. ജൂലൈ ഒന്നിന് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾക്കു മുന്നിലും ബഹുജന മാർച്ച് സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവും കോട്ടയത്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മലപ്പുറത്തു പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും അടക്കം പ്രമുഖ നേതാക്കൾ ഓരോ ജില്ലയിലും പങ്കെടുക്കും.