യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.പി. രാമനുണ്ണി

07:44 am. 14/1/2017
images

കോഴിക്കോട്: ബഹുസ്വരതയിലൂന്നിയ യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.പി. രാമനുണ്ണി. ‘ഇസ്ലാം സന്തുലിതമാണ്’ പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസ്സ് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷത്തിന്‍െറ ക്ഷേമം ഉറപ്പാക്കാന്‍ നിലകൊണ്ട രാമനാണ് ഹിന്ദു സംസ്കാരത്തിന്‍െറ ഭാഗമായുള്ളത്. ഗാന്ധിജിയുടെ രാമനാണ് ആ രാമന്‍. വര്‍ഗീയതയും ഭിന്നിപ്പും വളര്‍ത്തുന്നവരുടെ രാമന്‍ നമുക്ക് അന്യനാണ്. ഹൈന്ദവതയുടെ ശത്രുക്കളില്‍നിന്ന് അതിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇസ്ലാം മത വിശ്വാസികളടക്കമുള്ളവര്‍ക്കുണ്ട്.

ഗാന്ധിജി ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ ദേശീയത വളര്‍ത്തി സാമ്രാജ്യത്വത്തിനെതിരെ പോരാടിയപ്പോള്‍ നാട്ടുകാരെ ഭിന്നിപ്പിച്ച് കോര്‍പറേറ്റ് ഭീകരര്‍ക്ക് രാജ്യത്തെ ഒറ്റിക്കൊടുക്കാനാണ് ഇന്നത്തെ ഭരണകൂട ദേശീയക്കാരന്‍ ശ്രമിക്കുന്നത്. ദേശീയത പറഞ്ഞ് ദേശവിരുദ്ധകാര്യങ്ങള്‍ ചെയ്യുകയാണവര്‍. സാമ്പത്തിക കാര്യം പറയുമ്പോള്‍പോലും രാജ്യസേ്നഹത്തെപ്പറ്റി ഓര്‍മിപ്പിക്കുന്നവര്‍ സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയവരാണ്. ത്രിവര്‍ണ പതാകയും ദേശീയഗാനവും തള്ളിപ്പറഞ്ഞവര്‍ അവക്കായി നിലകൊള്ളുന്നത് കാപട്യമാണെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു.

ദേശീയത സാമ്രാജ്യത്വ വിരുദ്ധമായ സങ്കല്‍പമാണെങ്കില്‍ സവര്‍ണജാതി രാഷ്ട്രീയവും കോര്‍പറേറ്റുകളുമായി ചേര്‍ന്ന് എതിര്‍ക്കുന്നവരെ ദേശദ്രോഹികളാക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

സംഘ്പരിവാറിന്‍െറ ദേഷ്യവും ദേശസ്നേഹവുമെല്ലാം അഭിനയമാണെന്നും അവരെ അനുകൂലിക്കുന്ന അവസരലോലനായ സിനിമാനടനെ ബഹിഷ്കരിക്കണമെന്നും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു.