08:50 am 17/2/2017

ന്യൂയോര്‍ക്ക്: യാത്ര വിലക്ക് നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. ഇതിനായുള്ള പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്ന് വാഷിങ്ടണിൽ നടന്ന വാർത്ത സമ്മേളനത്തിൽ ട്രംപ് ആവർത്തിച്ചു.
സിറിയ, ഇറാൻ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് യാത്രാവിലക്കേർപ്പെടുത്തി കഴിഞ്ഞ മാസമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കിയത്. ഇതിന് അപ്പീൽ കോടതിയിൽ തിരിച്ചടി നേരിട്ടെങ്കിലും യാത്രവിലക്ക് നയത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് കർശനമായ നടപടികൾ ആവശ്യമാണെന്ന് പറഞ്ഞ ട്രംപ് പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്ന് ആവർത്തിച്ചു.
വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ വിമർശിച്ച ട്രംപ് അപ്പീൽ കോടതിയുടെ തീരുമാനം രാജ്യത്തിന്‍റെ സുരക്ഷയെ മോശമായി ബാധിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. ഇതിനിടെ ഇസ്രായേൽ പലസ്തീൻ പ്രശ്ന പരിഹാരത്തിനായുള്ള ദ്വിരാഷ്ട്ര ഫോർമുലയിൽ നിന്നും അമേരിക്ക പിന്നോട്ടുപോയെന്ന വാർത്തകൾ തെറ്റാണെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹെലേയ് വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും നിക്കി ഹെലേയ് പറഞ്ഞു.
