07:50 am 17/5/2017
വാഷിങ്ടൺ: യു.എസിന്റെ അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പ്രസിഡൻറ് ഡോണൾഡ് ട്രംപ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, റഷ്യൻ അംബാസഡർ സെർജി കിസ്ല്യാക് എന്നിവരുമായി പങ്കുവെച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച വൈറ്റ്ഹൗസിലെ ഒാവൽ ഒാഫിസിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് സംഭവം. യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഐ.എസിനെതിരായ ഒാപറേഷനെ കുറിച്ചാണ് സംഭാഷണത്തിനിടെ വെളിപ്പെടുത്തിയത്.
രഹസ്യ ഏജൻസികളുമായി ആലോചിക്കാതെയാണ് വിവരങ്ങൾ വെളിപ്പെടുത്തിയതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, റിപ്പോർട്ട് വൈറ്റ്ഹൗസ് തള്ളി. റിപ്പോർട്ട് വ്യാജമാണെന്നും ഇൻറലിജൻസ് രഹസ്യങ്ങൾ ആരുമായും ചർച്ച ചെയ്തിട്ടില്ലെന്നും ട്രംപിെൻറ ദേശീയ സുരക്ഷാ വക്താവ് മക്മാസ്റ്റർ പറഞ്ഞു. ഇദ്ദേഹവും കൂടിക്കാഴ്ചയിൽ പെങ്കടുത്തിരുന്നു.
എഫ്.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് ജയിംസ് കോമിയെ പുറത്താക്കിയതിനുശേഷമാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചക്കിടെ തീവ്രവാദം നേരിടുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ, െസെനികപരമോ മറ്റോ ആയ ഒരു വിവരവും കൈമാറിയിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. അതേസമയം, സംഭവം സത്യമാണെങ്കിൽ അതീവ പ്രശ്നമാണെന്നു റിപ്പബ്ലിക്കൻ പ്രതിനിധി ബോബ് കോർക്കർ അഭിപ്രായപ്പെട്ടു.
അതിനിടെ, സംഭവത്തെ ന്യായീകരിച്ച് ട്രംപ് തന്നെ രംഗത്തുവന്നു. റഷ്യയുമായി വിവരങ്ങൾ പങ്കുവെച്ചത് ശരിയായ തീരുമാനമാണെന്നായിരുന്നു ട്രംപിെൻറ വാദം. പ്രസിഡൻറ് എന്ന നിലയിൽ റഷ്യയുമായി പല വിവരങ്ങളും പങ്കുവെക്കേണ്ടിവരും. അത് ശരിയാണ്. തീവ്രവാദം, വിമാനയാത്രികരുടെ സുരക്ഷിതത്വം എന്നീ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് പങ്കുവെച്ചത്. മാനുഷികപരമായ കാരണങ്ങളാൽ ഭീകരതക്കെതിരായ പോരാട്ടത്തിൽ റഷ്യയുടെ പിന്തുണ വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.