12:59 pm 21/5/2017
ചെന്നൈ: തമിഴ്സൂപ്പർ താരം രജനികാന്ത് തന്‍റെ രാഷ്ട്രീയ പ്രവേശനത്തിൽ കൂടുതൽ നാടകീയത നിറച്ച് ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച രജനികാന്ത് മോദിയെ കാണാൻ ഡൽഹിക്കു പോകുമെന്നാണ് വിവരം. ചില ബിജെപി നേതാക്കളാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാൻ ശ്രമിക്കുന്നതെന്നും രജനിയുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഒ. പനീർശെൽവവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് രജിനിയുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ. നേരത്തേ, ഒട്ടുമിക്ക കക്ഷികളും അദ്ദേഹത്തെ ഒപ്പംചേർക്കാൻ പരസ്യമായി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ രജനി വിസമ്മതിച്ചിരുന്നു.
വ്യവസ്ഥിതി ദുഷിച്ചെന്നും അതിനുമാറ്റം വരുത്തണമെന്നും കഴിഞ്ഞ ദിവസം രജനീകാന്ത് പറഞ്ഞത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.