01:09 pm. 24/3/2017
കഴിഞ്ഞ വർഷത്തെ മീന ഭരണി ആഘോഷത്തിന്റെ നടുക്കം ഇന്നും പുറ്റിംഗൽ ക്ഷേത്ര മുറ്റത്ത് തളം കെട്ടിനിൽക്കുന്നു. രാജ്യം കണ്ട വൻ ദുരന്തം കഴിഞിട്ട് ഒരാണ്ട് പിന്നിടാൻ പോകുകയാണ്. വീണ്ടും ഒര് മീനഭരണി കൂടി. പുറ്റിങ്ങലിൽ ഉത്സവത്തിന് ഇന്ന് വൈകീട്ട് ഏഴിന് കൊടിയേറും.
പക്ഷേ ഉത്സവ അന്തരീക്ഷമല്ല ഇവിടെ. കമ്പപുര ഒഴിഞ്ഞു കിടക്കുന്നു. വെടിക്കെട്ട് പണിക്കാരുടെ ബഹളങ്ങളില്ല. ഉത്സവപറമ്പിൽ കച്ചവടക്കാരുടെ കെട്ടുപുരകളില്ല. നെടും കുതിരഎടുപ്പും മറ്റു ആഘോഷകാഴ്ചകളും ഇത്തവണയില്ല. കലാപരിപാടികളൊ, അലങ്കാര ദീപങ്ങളൊ, ഒന്നും പുറ്റിങ്ങലിന്റെ പരിസരങ്ങളിൽ പോലും കാണാനില്ല. വൻ ദുരന്തത്തിന്റെ ശേഷിപ്പുകൾ ഇന്നും പേറുന്നവർക്കെന്താഘോഷം. ഒടുവിൽ ഉത്സവം ചടങ്ങിലൊതുക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചു.
കൊല്ലത്തെ പ്രധാനപ്പെട്ട ഉല്‍സവങ്ങളിലൊന്നായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി. കഴിഞ്ഞ വര്‍ഷം എപ്രില്‍ 10 ന് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ 112 ജീവനുകളാണ് നഷ്ടമായത്. മൂന്നൂറിലധികം പേര്‍ ദുരന്തത്തിന്‍റെ ആഘാതം ഇന്നും പേറുന്നു. മറ്റു നഷ്ടങ്ങൾ വേറെ. ഈമാസം 30 വരെ നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.