രാജ്യാന്തര സർവീസ് നടത്താൻ എയർഏഷ്യ ഇന്ത്യ വിമാന കന്പനി ഒരുങ്ങുന്നു.

11:28 am 3/3/2017

images
ന്യൂഡൽഹി: അടുത്ത വർഷം മുതൽ രാജ്യാന്തര സർവീസ് നടത്താൻ എയർഏഷ്യ ഇന്ത്യ വിമാന കന്പനി ഒരുങ്ങുന്നു. ഇക്കാര്യം സജ്ജമാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എയർലൈൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമർ അബ്റോൽ പറഞ്ഞു. രാജ്യാന്തര റൂട്ടുകളിൽ സർവീസുകൾ തുടങ്ങുന്നതിന് അഞ്ചുവർഷത്തെ ആഭ്യന്തരപ്രവർത്തന പരിചയം വേണമെന്ന നിബന്ധന വ്യോമയാന നയത്തിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയതോടെ എയർഏഷ്യ ഇന്ത്യ നീക്കം നടത്തുകയായിരുന്നു.

നിലവിൽ എട്ടു വിമാനങ്ങൾ മാത്രമുള്ള എയർഏഷ്യ ഈ വർഷാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 14 ആയി ഉയർത്താനാണ് ശ്രമിക്കുന്നത്. അടുത്ത വർഷം ആറു വിമാനങ്ങൾ കൂടി വാങ്ങുന്നതോടെ രാജ്യാന്തര റൂട്ടുകളിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ എയർക്രാഫ്റ്റുകൾ കന്പനിക്ക് സ്വന്തമാകും. 2018 ഏപ്രിലോടെ എയർഏഷ്യ രാജ്യാന്തര സർവീസ് ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞവർഷം ജൂണിൽ പ്രഖ്യാപിച്ച വ്യോമസേന നയത്തിലാണ് രാജ്യാന്തര റൂട്ടുകളിൽ സർവീസ് നടത്തുന്നതിന് അഞ്ചുവർഷത്തെ ആഭ്യന്തരപ്രവർത്തന പരിചയം വേണമെന്ന നിബന്ധന കേന്ദ്രസർക്കാർ ഒഴിവാക്കിയത്. പകരം 20 വിമാനങ്ങൾ സ്വന്തമായുള്ളവർക്കോ, മൊത്തം വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണത്തിന്‍റെ 20 ശതമാനം ആഭ്യന്തര റൂട്ടിന് നീക്കിവെച്ചിട്ടുള്ള കന്പനികൾക്കോ രാജ്യാന്തര സർവീസിന് അനുമതി ലഭിക്കുമെന്ന വ്യവസ്ഥ വ്യോമസേന ഉൾപ്പെടുത്തുകയായിരുന്നു.