രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു

04:57 am 28/12/2016
Newsimg1_78460201
തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരനുമായുണ്ടായ വാക്കുതര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് അദ്ദേഹം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനു കൈമാറി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ ആരോപിക്കുന്നു.

നേരത്തെ, മുരളീധരനെതിരേ ഉണ്ണിത്താന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കെ.കരുണാകരന്റെ ഓര്‍മ ദിവസം മുരളീധരന്‍ ഗള്‍ഫില്‍ കോണ്‍ഗ്രസ് വിമതര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. മുരളി തനിക്കെതിരേ ഉന്നയിച്ച മഞ്ചേരി കേസ് പ്രയോഗം കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെയാണ്. സോണിയ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേലെന്നും വിളിച്ചവര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ അവരുടെ തന്നെ കാലുപിടിക്കേണ്ടിവന്നു– ഉണ്ണിത്താന്റെ ആരോപണങ്ങളുടെ പട്ടിക നീളുന്നു.

കരുണാകരന്റെ മകനായി മുരളി ജനിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പോലും ആകില്ലായിരുന്നെന്നും വട്ടിയൂര്‍ക്കാവില്‍ രണ്ടു തവണ ജയിച്ചത് മുരളീധരന്റെ കേമത്തം കൊണ്ടല്ല, ജി.കാര്‍ത്തികേയനും മോഹന്‍കുമാറും നടത്തിയ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.