12.21 AM 27/01/2017

ന്യൂഡൽഹി: രാജ്യത്തിന്‍റെ 68ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ തലസ്ഥാനത്ത് വർണാഭമായി ആഘോഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജി രാജ്പഥിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു മുഖ്യാതിഥി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി വിജയ് ചൗക്കിൽ നിന്നു തുടങ്ങി ചെങ്കോട്ട വഴിയുള്ള പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം ഉൾക്കൊള്ളുന്ന നിശ്ചല ദൃശ്യങ്ങളും കര നാവിക വ്യോമ സേനകളുടെ പ്രകടവും ഉണ്ട്. ഇതാദ്യമായി യുഎഇയിൽ നിന്നുള്ള സൈനികരും പരേഡിൽ പങ്കെടുത്തു. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ സ്മൃതി മണ്ഡപമായ അമർ ജവാൻജ്യോതിയിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം ആഘോഷ ചടങ്ങുകൾക്കായി ചെങ്കോട്ടയിലെത്തിയത്.
