രാജ്യത്തെ 13 കോടി ജനങ്ങളുടെ ആധാർ വിശദാംശങ്ങൾ വെബ്സൈറ്റിലൂടെ പരസ്യമായി. കേന്ദ്രസർക്കാരിന്റേയും ആന്ധ്രാപ്രദേശ് സർക്കാരിന്റേയും നിയന്ത്രണത്തിലുള്ള നാല് വെബ്സൈറ്റുകൾ വഴിയാണ് വിവരങ്ങൾ പുറത്തായത്. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി(സിഐഎസ്) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം, തൊഴിലുറപ്പു പദ്ധതിയുടെ ദേശീയ പോർട്ടൽ, ഡെയിലി ഓണ്‍ലൈൻ പേയ്മെന്റ് റിപ്പോർട്ട്സ്, ചന്ദ്രണ്ണ ബീമാ പദ്ധതി എന്നീ വെബ്സൈറ്റുകൾ വഴിയാണ് ചോർച്ച. ക്ഷേമ പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്താനും നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിനും വേണ്ടി തയാറാക്കിയ വെബ്സൈറ്റുകൾ ആയിരുന്നു ഇവ. ആധാർ നന്പർ, ജാതി, മതം, മേൽവിലാസം, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, വിവരങ്ങൾ ആർക്കും ലഭ്യമാകും വിധമാണ് വെബ്സൈറ്റിൽ നൽകിയിരുന്നത്. 10 കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർന്നിട്ടുണ്ട്. മിക്ക സൈറ്റുകളിലേയും വിവരങ്ങൾ ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ പാകത്തിലായിരുന്നു.
യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വിവരങ്ങൾ ചോർന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്ഒഴിഞ്ഞുമാറാനാകില്ലെന്ന് സിഐഎസ് പറഞ്ഞു. 23 കോടി ആളുകളുടെ വിവരങ്ങൾ ഡയറക്ട് ബെനിഫിറ്റ് സ്കീമിന്റെ ഭാഗമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. മറ്റു സർക്കാർ സൈറ്റുകളും അശ്രദ്ധമായി വിവരങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ വലിയ അളവിലുള്ള ഡേറ്റാബേസ് ചോരാൻ സാധ്യതയുണ്ടെന്നും സിഐഎസ് സൂചിപ്പിക്കുന്നു.