രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

08.15 PM 02/05/2017

കൊല്ലം: രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പത്തനാപുരം തലവൂര്‍ സ്വദേശി സുന്ദരന്‍ ആചാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യ വസന്തയെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ രോഗാവസ്ഥയില്‍ മനം നൊന്താണ് കൊലചെയ്തതെന്ന് പ്രതിയുടെ മൊഴി.
കഴിഞ്ഞ ശനിയാഴ്ചയാണ് തലവൂര്‍ ചുണ്ടമല സ്വദേശി അശ്വതി ഭവനില്‍ സുന്ദരന്‍ ആചാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു ഇദ്ദേഹം. വീട്ടിലെത്തി പരിശോധിച്ച ഡോക്ടറാണ് മരണത്തില്‍ ആദ്യം സംശയം ഉന്നയിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
ആസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണന്ന് തെളിഞ്ഞത്. തലയണകൊണ്ട് മുഖം അമര്‍ത്തിപ്പിടിച്ച് ഇലക്ട്രിക്ക് വയര്‍ കൊണ്ട് കഴുത്തില്‍ വരിഞ് മുറുക്കിയാണ് കൊലപ്പെടുത്തിയത്. മകള്‍ വീട്ടിലില്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.