റിപ്പബ്ലിക് ദിനം: കേരളത്തിന് ഇക്കുറി പൊലീസ് മെഡല്‍ ഉണ്ടാകില്ല

10:08 am 25/01/2017
download (4)
തിരുവനന്തപുരം: റിപ്പബ്ളിക് ദിനത്തില്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രപതിയുടെ വിശിഷ്ടസേവന പുരസ്കാര പട്ടികയില്‍ ഇക്കുറി കേരളത്തിന് ഇടമുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ (www.mha.nic.in) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് മെഡലുള്ളതായി പറയുന്നില്ല.

കേരളത്തില്‍നിന്ന് പട്ടിക ലഭിക്കുന്നതിന് കാലതാമസമുണ്ടായതാണ് പ്രശ്നകാരണമായി പറയുന്നത്. അവാര്‍ഡിന് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ഒക്ടോബര്‍ 26ന് മുമ്പ് കൈമാറണമെന്ന് സെപ്റ്റംബര്‍ 28ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 28ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച് വീണ്ടും കത്തയച്ചിരുന്നു.

ചില സംസ്ഥാനങ്ങള്‍ പട്ടിക അയച്ചിട്ടില്ളെന്നും നവംബര്‍ 15നകം ഇതു ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് കത്തയച്ചത്. എന്നാല്‍, കേരളം മറുപടി നല്‍കിയില്ലത്രെ. തുടര്‍ന്ന് നിരവധി കത്തുകള്‍ അയച്ചിട്ടും കേരളത്തില്‍നിന്ന് പ്രതികരണമുണ്ടായില്ളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി 11നാണ് സംസ്ഥാനങ്ങളുടെ പട്ടിക അന്തിമപരിശോധനക്കായി കേന്ദ്രം എടുത്തത്. ഇതിനു തലേന്നാള്‍ മാത്രമാണ് കേരളത്തില്‍നിന്നുള്ള പട്ടിക ലഭിച്ചതെന്നും അധികൃതര്‍ പറയുന്നു.

അരുണാചല്‍ പ്രദേശ്, ഗോവ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍നിന്നും പട്ടിക ലഭിച്ചിട്ടില്ളെന്നാണ് അറിയുന്നത്. ഇതിനാല്‍ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും മെഡല്‍ ലഭിക്കില്ല. അതേസമയം, കേരളത്തില്‍നിന്ന് വൈകി ലഭിച്ച പട്ടിക സ്വാതന്ത്ര്യദിനത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ് സൂചന.