റെയിൽവേ വികസന കാര്യത്തിൽ കേരളത്തോട് എന്നും അവഗണന മാത്രമാണെന്ന് ഇന്നസെന്‍റ് എംപി.

01:33 pm 13/5/2017

ചാലക്കുടി: ചാലക്കുടിയോടുള്ള റെയിൽവേയുടെ അവഗണനയിൽ പ്രതിഷേധിച്ച് എംപി നടത്തുന്ന ഏകദിന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാഭകരമല്ലെന്ന കാരണം പറഞ്ഞ് കേരളത്തിലെ പല സർവീസുകളും റെയിൽവേ ഇല്ലാതാക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. അടുത്തിടെ തുടങ്ങിയ പാലരുവി എക്സ്പ്രസിന് ചാലക്കുടിയിലും അങ്കമാലിയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് താൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റെയിൽവേ അതിന് തയാറായിട്ടില്ല. കാലങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ പോലും ചാലക്കുടിയിൽ നടപ്പാക്കാൻ റെയിൽവേ ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഉപവാസ സമരം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ജോസ് തെറ്റയിൽ ഉൾപ്പടെയുള്ള നിരവധി നേതാക്കളും എംപിക്ക് പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് എത്തി. വൈകുന്നേരം നാല് വരെയാണ് ഉപവാസ സമരം നടക്കുന്നത്.