08:59 am 17/4/2017
മലപ്പുറം: മലപ്പുറം ഗവണ്മെന്റ് കോളജിൽ ഇന്നു രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പതിനൊന്നു മണിയോടെ അന്തിമ ലീഡ് അറിയാനാകും. പന്ത്രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ.
വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്തിമനിർദേശങ്ങൾ നൽകിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ കൗണ്ടിംഗ് ഏജന്റുമാർക്കും പരിശീലനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കൂടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫും അവരുടെ സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും. പോളിംഗ് ശതമാനത്തിലെ നേരിയ വർധനയാണ് രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക വർധിപ്പിക്കുന്ന ഘടകം. പ്രചാരണം മുമ്പത്തേക്കാൾ ശക്തമായിരുന്നുവെങ്കിലും പോളിംഗിൽ ചെറിയൊരു വർധനയേ ഉണ്ടായുള്ളൂ. 77.21 ൽ നിന്ന് 77.33 ശതമാനത്തിലേക്ക് 0.12 ശതമാനം . എന്നാൽ, വോട്ടർമാരുടെ സംഖ്യ മുൻ വർഷത്തേക്കാൾ കൂടുതലാണെന്ന ഘടകവും ശ്രദ്ധേയമാണ്.