09:22 am 01/3/2017
തിരുവനന്തപുരം: റവന്യുവകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയൽ രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രിയുടെ അനുവാദത്തിനായി തിരിച്ചയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതോടെ രജിസ്ട്രേഷൻ ഐജിയോട് അന്വേഷിക്കാൻ മന്ത്രി സുധാകരൻ നിർദ്ദേശിച്ചു.
റവന്യുമന്ത്രി അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയലിൽ മന്ത്രി ജി സുധാകരൻ മുഖ്യമന്ത്രിയുടെ അനുമതി തേടിയത് വിവാദമായിരുന്നു. സാങ്കേതിക കാരണങ്ങൾക്കപ്പുറത്ത് ലോ അക്കാദമി മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള സിപിഎം നീക്കമായും പലരും ഈ നടപടിയെ വിലയിരുത്തി. എന്നിലിപ്പോൾ അന്വേഷണത്തിന് മുഖ്യമന്ത്രിയും അനുവാദം നൽകി. റവന്യുമന്ത്രി അയച്ച ഫയലിൽ അന്വേഷണമാകാമെന്ന് എഴുതി മുഖ്യമന്ത്രി ജി സുധാകരന് കൈമാറി. രജിസ്ട്രേഷൻ ഐജിയോട് അന്വേഷിക്കാൻ സുധാകരൻ ആവശ്യപ്പെട്ടു.
സുപ്രധാന വിഷയത്തിൽ മുഖ്യമന്ത്രി അറിയാതെ അന്വേഷണം നടത്താനാകില്ലെന്നായിരുന്നു ജി. സുധാകരന്റെ മുൻ വിശദീകരണം. അക്കാദമി നിയമാവലിയിൽ ബോധപൂർവ്വമായ തിരുത്ത് വരുത്തി സർക്കാർ പ്രതിനിധികളെ ട്രസ്റ്റിൽ നിന്നും ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് രജിസ്ട്രേഷൻ ഐജി അന്വേഷിക്കുക.
66 ൽ ഭൂമി നൽകുമ്പോൾ സർക്കാർ പ്രതിനിധികളടക്കം ട്രസ്റ്റിലെ അംഗങ്ങളുടെ എണ്ണം 51. 2014ൽ രഹസ്യമായി നിയമാവലി തിരുത്തി സർക്കാർ പ്രതിനിധികളെ ഒഴിവാക്കി അംഗസംഖ്യ 21 ആക്കി കുറച്ചു. രണ്ട് നിയമാവലികളുടേയും പകർപ്പല്ലാതെ മറ്റ് രേഖകൾ രജിസ്ട്രേഷൻ വകുപ്പിൽ ഇല്ല. 72 ലും 75 ലും ഭേദഗതി വരുത്തി എന്ന് ജില്ലാ രജിസ്ട്രേഷൻ ഓഫീസിൽ രേഖയുണ്ടെങ്കിലും എന്ത് ഭേദഗതി വരുത്തി എന്ന വിവരമില്ല. രേഖകളുടെ അഭാവമായിരിക്കും അന്വേഷണത്തിൽ നേരിടുന്ന വെല്ലുവിളി. എന്നാൽ തിരുത്തലിന്റെ വ്യക്തമായ രേഖകൾ ഹാജരാക്കാൻ അക്കാദമി മാനേജ്മെന്റിനോട് രജിസ്ട്രേഷൻ ഐജിക്ക് ആവശ്യപ്പെടാം.

