09:05 am 29/4/2017
ലണ്ടൻ: സെറീന വില്യംസിന്റെ പിറക്കാൻപോകുന്ന കുഞ്ഞിനെതിരെ വംശീയാധിക്ഷേപം നടത്തിയ മുൻ ലോക ഒന്നാം നമ്പർ താരം ഇല്ലി നസ്റ്റാസെ മാപ്പുപറഞ്ഞു. ഫെഡ് കപ്പിനിടെ ബ്രിട്ടീഷ് വനിതാ താരങ്ങൾക്കുനേരെ നടത്തിയ അധിക്ഷേപത്തിനും നസ്റ്റാസെ മാപ്പുപറഞ്ഞു. സെറീനയുടെ കുഞ്ഞിനെതിരായ പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് സെറീന. ഈ നേട്ടത്തിലെത്തിച്ചേരാൻ അവർ വലിയ പ്രയത്നമാണ് നടത്തിയിട്ടുള്ളതെന്നും നസ്റ്റാസെ പറഞ്ഞു.
എന്നാൽ സെറീന സംഭവത്തിൽ പിന്നീട് നസ്റ്റാസെ നിലപാട് മാറ്റുകയും ചെയ്തു. ഇത് വംശീയ അധിക്ഷേപമല്ലെന്നും എന്നാൽ ഇംഗ്ലീഷുകാർ ഇതിനെ അത്തരത്തിലാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷുകാർ ഇത് വംശീയാധിക്ഷേപമാണെന്ന് പറഞ്ഞതോടെ എല്ലാവരും അത് ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റുമേനിയക്കാർക്ക് ഇത് വംശീയാധിക്ഷേപമായി തോന്നുകയില്ല. സെറീന ഇതിൽ അസ്വസ്ഥയായേക്കാം. എന്നാൽ മറ്റുള്ളവർക്ക് ഇതിൽ അസ്വസ്ഥത തോന്നുന്നത് എന്തിനാണെന്ന് അറിയില്ലെന്നും റുമേനിയൻ ടെന്നീസ് താരം പറയുന്നു.
കഴിഞ്ഞ ദിവസം ഫെഡ് കപ്പിനിടെ നസ്റ്റാസെ നടത്തിയ മോശം പരാമർശത്തെ തുടർന്ന് ബ്രിട്ടന്റെ ജൊഹാന കോണ്ട കരഞ്ഞുകൊണ്ടാണ് കളംവിട്ടത്. സംഭവത്തെ തുടർന്ന് മത്സരം പാതിവഴിക്ക് നിർത്തിവയ്ക്കുകയും ചെയ്തു. ബ്രിട്ടന്റെ ഫെഡ് കപ്പ് ക്യാപ്റ്റൻ അന്നെ കിയോത്തവാംഗിനോട് അശ്ലീലം പറയുകയും ജൊഹാന്നയെ കളിക്കിടയിൽ തെറിവിളിക്കുകയും ചെയ്തതിന് നസ്റ്റാസെയെ ടൂർണമെന്റിൽനിന്നും പുറത്താക്കിയിരുന്നു. നിലവിൽ രാജ്യാന്തര ടെന്നീസ് ഫെഡറേഷൻ നസ്റ്റാസെയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.