വടക്കൻ ജില്ലകളിൽ ഭീതി പരത്തിയ ബ്ലാക്ക്മാൻ തലശേരിയിൽ അറസ്റ്റിൽ

12.45 PM 09/01/2016
knr_blackman_090117
വടക്കൻ ജില്ലകളിൽ മാസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ബ്ലാക്ക്മാൻ അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയും വയനാട് പനമരം കരണി നാലാം കോളിയിൽ താമസക്കാരനുമായ രാജപ്പനെയാ(35) ണ് തലശേരി ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എടക്കാട് പ്രിൻസിപ്പൽ എസ്ഐ അനിൽ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ വൽസൻ, അജയൻ, ബിജുലാൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി നഗരമധ്യത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.

കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ 25 ലേറെ കേസുകളിൽ പ്രതിയായ രാജപ്പന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന കവർച്ച സംഘമാണ് പ്രവർത്തിച്ചിരുന്നത്. ഇവരിൽ രാജപ്പനുൾപ്പെടെയുള്ള എട്ട് പേരെ നേരത്തെ തലശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എടക്കാട് കടമ്പൂരിലെ കളപ്പുറത്ത് കുനിയിൽ രമ്യയുടെ മാലയും പണവും കവർന്ന കേസിലാണ് രാജപ്പനെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ അഞ്ചിന്് പുലർച്ചെ 1.30–നാണ് രാജപ്പൻ രമ്യയുടെ വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കടന്ന് കഴുത്തിൽ നിന്ന് മൂന്നര പവന്റെ മാലയും പണവും കവർന്നത്. അടിവസ്ത്രം മാത്രം ധരിച്ച കറുത്തിരുണ്ട രൂപം കവർച്ച നടത്തിയ ശേഷം വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് രമ്യ കണ്ടിരുന്നു. തെയ്യം കലാകാരനായ രമ്യയുടെ ഭർത്താവ് പരിപാടിക്ക് പോയ ദിവസമായിരുന്നു കവർച്ച. രമ്യയും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രമ്യയുടെ വീട്ടിൽ നിന്നും കവർന്ന മാല തലശേരിയിൽ വിൽക്കാനെത്തിയപ്പോഴാണ് പ്രതിയെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ സിനിമാ സ്റ്റൈലിൽ ജില്ലാ പോലീസിന്റെ പ്രത്യേക സ്ക്വാഡ് മൽപിടിത്തത്തിലൂടെയാണ് രാജപ്പനെ കീഴടക്കിയത്.

ഷർട്ടും മുണ്ടും ഊരി അരയിൽ കെട്ടിയ ശേഷം ട്രൗസർ ധരിച്ചാണ് രാജപ്പൻ കവർച്ചക്കെത്തുക. ആദ്യം ഈ വേഷത്തിൽ രാത്രികാലങ്ങളിൽ നാട്ടിലിറങ്ങി നടന്ന് ആളുകളിൽ ഭീതി സൃഷ്‌ടിച്ച ശേഷമാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. 2008 ൽ അന്നത്തെ തലശേരി സിഐയായിരുന്ന യു.പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജപ്പൻ ഉൾപ്പെടെയുള്ള എട്ടംഗ കവർച്ച സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഴപ്പിലങ്ങാട് താമസിച്ചായിരുന്നു ഈ സംഘം കവർച്ച നടത്തിയിരുന്നത്. 24 വർഷം കഠിന തടവിനാണ് രാജപ്പനേയും സംഘത്തേയും അന്ന് വിവിധ കേസുകളിലായി തലശേരി കോടതി ശിക്ഷിച്ചത്. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ശിക്ഷ ഏഴു വർഷമായി കുറയ്ക്കുകയുമായിരുന്നു.

2013 ൽ പുറത്തിറങ്ങിയ രാജപ്പൻ മുഴപ്പിലങ്ങാട് നിന്നും വയനാട്ടിലേക്ക് കൂടുമാറുകയും വീണ്ടും കൊള്ള നടത്തിവരികയുമായിരുന്നു. മീനങ്ങാടിയിൽ ബ്ലാക്ക്മാൻ ചമഞ്ഞ് കവർച്ച നടത്തി ജനങ്ങളിൽ ഭീതി സൃഷ്‌ടിച്ച രാജപ്പനെ ഒടുവിൽ നാട്ടുകാർ സംഘടിച്ച് പിടികൂടി. തുടർന്ന് മൂന്ന് വർഷം കോടതി ശിക്ഷിക്കുകയും കണ്ണൂർ സെൻട്രൽ ജയിലിലടക്കുകയും ചെയ്തു. നവംമ്പർ 15ന് ശിക്ഷ കഴിഞ്ഞ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ രാജപ്പൻ പുതുവർഷത്തിൽ എടക്കാട് കവർച്ച നടത്തുകയും പോലീസിന്റെ വലയിലാകുകയുമായിരുന്നു.

കണ്ണൂർ ജില്ലയിലെ മലയോരങ്ങളിലുൾപ്പെടെ ബ്ലാക്ക്മാൻ ചമഞ്ഞ് ഭീതി പരത്തിയിരുന്നത് താനുൾപ്പെടെയുള്ള സംഘമാണെന്ന് രാജപ്പൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രാജപ്പനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.