വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി

12:59 pm 06/12/2016
download (3)
കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി. അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്കുമേല്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് കുറ്റം ചുമത്തിയത്. പ്രതികളെ ഹാജരാക്കുന്നതില്‍ സുരക്ഷാ പ്രശ്നങ്ങളുള്ളതായി അന്വേഷണ ഏജന്‍സി അറിയിച്ചതിനാല്‍ വിചാരണ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാകും നടത്തുക.
2007 ഡിസംബര്‍ പത്തുമുതല്‍ 12 വരെയുള്ള തീയതികളില്‍ കോട്ടയം വാഗമണ്ണിലെ തങ്ങള്‍ പാറയില്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, ഷിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ നദ്വി ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ഗൂഢാലോചന, രാജ്യദ്രോഹം, യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍, ആയുധ-സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയത്. കേസിലെ 35, 37 പ്രതികളായ അബൂസുബ്ഹാന്‍ ഖുറൈശി, വാസിഖ് ബില്ല എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 31ാം പ്രതി ശൈഖ് മെഹബൂബ് ഭോപാലില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഈമാസം 19ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിചാരണ എന്ന് തുടങ്ങാന്‍ കഴിയുമെന്നും അന്ന് അറിയിക്കണം. ആദ്യം മുണ്ടക്കയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.