വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു; ബന്ധു കസ്റ്റഡിയില്‍

07:55 pm 7/3/2017

download (5)
പാലക്കാട്: വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ്. ഐ ജി എംആര്‍ അജിത് കുമാര്‍ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ദുരൂഹമരണത്തിനാണ് കേസ് എടുത്തിട്ടുള്ളതെന്നും ഐ ജി എംആര്‍ അജിത് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പടെ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ ഇളയച്ഛന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഒരു മാസത്തെ ഇടവേളയിലാണ് സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മൂത്ത കുട്ടിയെ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബന്ധു നിരവധി തവണ പീഡിപ്പിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പതിമൂന്നുകാരിയായ മൂത്ത മകള്‍ ജനുവരി പതിമൂന്നിനും ഒമ്പതുകാരിയായ ഇളയമകള്‍ മാര്‍ച്ച് നാലിനുമാണ് വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.