04:30 pm 18//2017
ലണ്ടൻ: കിംഗ് ഫിഷർ ഉടമയും വ്യവസായിയുമായ വിജയ് മല്യയെ അറസ്റ്റ് ചെയ്തു. ലണ്ടനിലാണ് മല്യ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നൂ മണിക്കൂറുകഴിഞ്ഞപ്പോൾ ജാമ്യവും കിട്ടി. വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് ജാമ്യം അനുവദിച്ചത്.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടർന്ന് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനൽകുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകൾ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.
വായ്പ തിരിച്ചടവ് നടത്താതെ രാജ്യം വിടുന്പോൾ മല്യ രാജ്യസഭാംഗമായിരുന്നു. ഇന്ത്യയിൽ നിന്നും രക്ഷപെട്ട ദിവസം മല്യ കേന്ദ്രമന്ത്രിമാരെ അടക്കമുള്ളവരെ കണ്ടിരുന്നുവെന്നും ഇവരുടെ ഒത്താശയോടെയാണ് രാജ്യം വിട്ടതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം മല്യയെ വിട്ടുകിട്ടാൻ ബ്രിട്ടനുമായി രണ്ടു തവണ നയതന്ത്രതലത്തിൽ ചർച്ച നടത്തി.
വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.