വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.പി. ജയരാജന്‍.

08:39 am 6/2/2017
images (2)
കണ്ണൂര്‍: ലോ അക്കാദമിവിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്ത് വ്യത്യസ്ത അഭിപ്രായങ്ങളെ ഏകോപിപ്പിച്ച് വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വ്യത്യസ്ത വകുപ്പുകള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ കൂട്ടായനിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്തുവരേണ്ടതെന്നുപറഞ്ഞ് പിണറായി വിജയനെതിരെ പോസ്റ്റില്‍ ഒളിയമ്പുമുണ്ട്.

ബാഹ്യശക്തികളുടെ പ്രേരണക്ക് വിധേയമായി കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഭാവിയെ സാരമായി ബാധിക്കും. പക്വതയോടെയും യാഥാര്‍ഥ്യബോധത്തോടെയുമുള്ള സമീപനം എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകണം. എല്‍.ഡി.എഫില്‍ ജനങ്ങളുടെ വിശ്വാസ്യത വളര്‍ന്നുവരുന്ന ഘട്ടത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങള്‍ ഏതുഭാഗത്തുനിന്നുണ്ടായാലും ജനം ക്ഷമിക്കില്ളെന്ന വാചകത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായെന്ന് പ്രചാരണമുണ്ടായിരുന്നു. കണ്ണൂരില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍നിന്നും ഇ.പി. ജയരാജന്‍ വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു. ലോ അക്കാദമിയുടെ കൈവശമുള്ള അനധികൃതഭൂമി പിടിച്ചെടുക്കണമെന്ന ആവശ്യത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്.