വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

11:14 AM 25/01/2017
download (3)
തിരുവനന്തപുരം: വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള വ്യാഖ്യനങ്ങൾക്ക് അടിസ്ഥനമില്ല. തന്‍റെ വാക്കുകൾ വിവരാവകാശ നിയമത്തിന് എതിരല്ല. നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന വ്യാഖ്യാനം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുസർക്കാർ മുൻസർക്കാരിനെ പോലെയെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താൽപര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. എന്നാൽ ഇതിനു ചുമതലപ്പെട്ടവരും മറിച്ചു നിലപാടെടുക്കുന്നുവെന്നും പിണറായി വിമർശിച്ചു.

മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചിലകാര്യങ്ങള്‍ നടപ്പാക്കിയ ശേഷമേ പുറത്തറിയിക്കാന്‍ കഴിയൂ. മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പാക്കാന്‍ കഴിയാതെ വരും. അതിനാല്‍ ലക്ഷ്യപ്രാപ്തിയിലെത്തിയ ശേഷമേ പുറത്തുപറയാനാകൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായിയുടെ പ്രസ്താവനയെ എതിർത്ത് രംഗത്തെത്തിയിരുന്നു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കാനം തിരിച്ചടിച്ചു. ജനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ട്. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന വ്യാഖ്യാനം കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ഉമ്മന്‍ ചാണ്ടിയാണ് ആദ്യം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.