ചെന്നൈ: തമിഴ്നാട്ടിൽ ഭരണം പിടിക്കാനുള്ള വി.കെ.ശശികലയുടെ ശ്രമം പരാജയപ്പെടുന്നതായി സൂചന. ഇതുവരെയും മന്ത്രിസഭ ഉണ്ടാക്കാൻ തന്നെ ക്ഷണിക്കാത്ത ഗവർണർക്കെതിരേ ശശികല ഇന്നലെ രൂക്ഷമായ പരാമർശം നടത്തി. ഇന്നു നാലിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ പലതും സംഭവിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, ശശികലയുടെ ക്യാന്പിൽനിന്ന് നിരവധി പ്രമുഖർ കാവൽ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ ക്യാന്പിലേക്കു മാറി. വേണ്ടിവന്നാൽ താൻ മാറിനിൽക്കാമെന്നും കെ.എ. ചെങ്കോട്ടയ്യനെയോ എടപ്പാടി പഴനിസ്വാമിയെയോ മുഖ്യമന്ത്രിയാക്കാമെന്നും ശശികല സമ്മതിച്ചതായും റിപ്പോർട്ടുണ്ട്.
ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യൻ സ്വാമി ഇന്നലെ തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവുവിനെ സന്ദർശിച്ച് അരമണിക്കൂർ ചർച്ച നടത്തി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നു സ്വാമി അഭിപ്രായപ്പെട്ടതായാണ് സൂചന. ഏതാനും വർഷം മുൻപ് കർണാടക ഹൈക്കോടതി സ്വത്ത് കേസിൽ ജയലളിതയെയും ശശികലയെയും വെറുതേ വിട്ടപ്പോൾ സുപ്രീംകോടതിയിൽ അപ്പീൽ പോയത് സ്വാമിയായിരുന്നു.
അണ്ണാ ഡിഎംകെയെ പിളർക്കാനാണു ഗവർണർ തീരുമാനം വൈകിക്കുന്നതെന്ന് കാഞ്ചീപുരം കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ കഴിയുന്ന എഡിഎംകെ എംഎൽഎമാരെ കണ്ടശേഷം ശശികല പറഞ്ഞു. ഇതുവരെ ക്ഷമിച്ചുനിന്നെന്നും ഞായറാഴ്ച വൈകുന്നേരം നാലിനകം തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം അണപൊട്ടുമെന്നും അവർ പറഞ്ഞു.
മന്ത്രിമാരും എംപിമാരും എംഎൽഎമാരും കൂറുമാറുന്നതായ റിപ്പോർട്ടുകളെത്തുടർന്നാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ശശികല കൂവത്തൂരിലെത്തിയത്. എംഎൽഎമാരുമായി ഒന്നേമുക്കാൽ മണിക്കൂറോളം ചെലവഴിച്ചിട്ടാണു മടങ്ങിയത്.
പനീർശെൽവം ക്യാന്പിലേക്കു നേതാക്കൾ ഒന്നൊന്നായി മാറുന്നതിന്റെ റിപ്പോർട്ടുകളാണ് ഇന്നലെ രാവിലെ മുതൽ വന്നത്. വൈകുന്നേരത്തോടെ രണ്ടു മന്ത്രിമാരും നാല് എംപിമാരും ഒരു എംഎൽഎയും ജയലളിതയുടെ വിശ്വസ്തൻ സി.പൊന്നയ്യന്റെ അടക്കം ഏതാനും മുൻ മന്ത്രിമാരും പനീർശെൽവത്തിന്റെ കൂടെയായി.

