ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനക്ക് വിധേയമായാണ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കേണ്ടത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണമെന്ന് സുപ്രീംകോടതിയിലെ ഏഴംഗബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ പറയുന്നു.
യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ഈ വിധി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രാമ ജന്മഭൂമി വിഷയം വീണ്ടും ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്ക് വിധി കനത്ത തിരിച്ചടിയാണെന്ന് എൻ.സി.പി നേതാവ് മജീദ് മേമൻ പ്രതികരിച്ചു. മതവികാരം ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനും പ്രാദേശിക പൊലീസും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.