ശബരിമലയിലെ സ്​ത്രീ പ്രവേശന നിയന്ത്രണം : സുപ്രീംകോടതി ഭരണഘടന ​ബെഞ്ചിന്റെ പരിഗണനക്ക്​ വിടും.​

06:40 pm 20/2/2017
images
ന്യൂഡൽഹി: ശബരിമലയിലെ സ്​ത്രീ പ്രവേശന നിയന്ത്രണം നീക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഭരണഘടന ​ബെഞ്ചിന്റെപരിഗണനക്ക്​ വിടും.​ ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ്​ മറ്റൊരു ദിവസത്തേക്ക്​ കോടതി മാറ്റി​.

കേസിൽ വാദം ആരംഭിച്ചത്​ മുതൽ ഇത്​ ഭരണഘടനാപരമായ കാര്യമാണെന്നും അതിനാൽ ഭരണഘടന ബെഞ്ച്​ വിഷയം പരിഗണിക്കണമെന്നും ദേവസ്വം ബോർഡും ക്ഷേത്ര ഭാരവഹികളും വാദിച്ചിരുന്നു. ഇൗ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമാണ്​ ഇന്ന്​ സു​​പ്രീംകോടതിയിൽനിന്ന്​ ഉണ്ടായിരിക്കുന്നത്​.

ഇത്​ ഭരണഘടനയുടെ 24, 25 ആർട്ടിക്കിളുകൾ സംബന്ധിക്കുന്നതും ഭരണഘടന ഉറപ്പ്​ നൽകുന്ന മത ​സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമായ വിഷയമാണ്​. അതിനാൽ മൂന്നംഗ ബെഞ്ച്​​ പരിഗണിക്കുന്നതിൽ പരിമിതികളുണ്ട്​. അഞ്ചംഗ വിശാല ഭരണഘടന ബെഞ്ച്​ ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ട്​ അന്തിമ തീരുമാനങ്ങളെടുക്കുമെന്നും ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ പറഞ്ഞു.

ഭരണഘടന ബെഞ്ച്​ പരിഗണിക്കുന്ന വിഷയങ്ങൾ തീരുമാനിക്കാനുള്ള ചോദ്യങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട്​ കോടതി നിർദേശിക്കുകയും ചെയ്​തു.