ശമ്പള വിതരണം; രണ്ടാം ദിനവും പ്രതിസന്ധി തുടരുന്നു

12:32 pm 02/12/2016
images
കോഴിക്കോട്: രണ്ടാം ദിനവും ശമ്പള-പെൻഷൻ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. ജില്ലാ ട്രഷറികളിൽ പണം മുഴുവനായും എത്താത്തതിനെ തുടർന്നാണ് പണ വിതരണം പ്രതിസന്ധിയിലായത്. സബ് ട്രഷറികളിലാണ് തിരക്ക് കൂടുതൽ. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ തിരക്കു കുറവുണ്ടെങ്കിലും കൊച്ചിയിലും ഗ്രാമപ്രദേശങ്ങളിലും തിരക്കിൽ കുറവൊന്നുമുണ്ടായിട്ടില്ല. കോഴിക്കോട് പലർക്കും ടോക്കൺ നൽകിയിരിക്കുകയാണ്. രണ്ടുകോടി വേണ്ടിടത്ത് 17 ലക്ഷം മാത്രമാണുള്ളത്. 12 കോടി രൂപ മാത്രമാണ് ട്രഷറികളില്‍ മിച്ചമുള്ളത്. ഇന്നത്തെ വിതരണത്തിന് വേണ്ടി മാത്രം 300 കോടി വേണമെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. ഇന്നലെ 122 കോടി രൂപ വിതരണം ചെയ്തിരുന്നു. ‌

സംസ്ഥാനത്ത് 4,35,000 പെന്‍ഷന്‍കാരുണ്ട്. ഇതില്‍ ഇന്നലെ പണം നല്‍കിയത് 59,000 പേര്‍ക്കു മാത്രമാണ്. ചെറിയ തുക പെന്‍ഷനായി വാങ്ങുന്നവരാണ് ഇതില്‍ കൂടുതലും. കൂടാതെ മറ്റ് മേഖലകളില്‍ ജോലിയെടുക്കന്നുവര്‍ക്ക് ഇന്നും നാളെയുമായി ശമ്പളം വീഴും. അവരും കൂടി ബാങ്കിലേക്ക് എത്തുമ്പോള്‍ പ്രതിസന്ധി ഇനിയും വര്‍ധിക്കും. കഴിഞ്ഞദിവസം പണമില്ലാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളിലുള്ള ചില ബാങ്കുകളില്‍ ഇടപാടുകള്‍ നടന്നിരുന്നില്ല.