രാമേശ്വരം: ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിഡ്ജോ (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച രാമേശ്വരത്തുനിന്ന് 400 ഓളം മത്സ്യത്തൊഴിലാളികളാണ് കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് തിരിച്ചത്. ഇതിനിടെ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. മുന്നറിയിപ്പ് പോലും നൽകാതെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തതെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന പ്രസിഡന്‍റ് പി. സെസുരാജ പറഞ്ഞു.

