ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആദ്യകുര്‍ബാന സ്വീകരണം

08:29 AM 01/6/2017

– ബ്രിജിറ്റ് ജോര്‍ജ്


ഷിക്കാഗോ: ബെല്‍വുഡ് മാത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലിലെ ആദ്യകുര്‍ബാന സ്വീകരണം മെയ് 20 ശനിയാഴ്ച്ച നടത്തപ്പെട്ടു. 49 കുട്ടികളാണ് ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ചത്.

രാവിലെ 10 മണിക്ക് തുടങ്ങിയ ആഘോഷമായ വിശുദ്ധകുര്‍ബാനയില്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ്, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി ഫാ. ജോസ് കാരികുന്നേല്‍, ഫാ. ഷാജി പഴുക്കാത്തറ, ഫാ. മാത്യു പനക്കച്ചിറ, ഫാ. ഫ്രെഡി തോമസ്, ഫാ. ജോസ് കപ്പലുമാക്കല്‍ എന്നീ വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.

വളരെ ഭംഗിയായി നടന്ന ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ക്ക് കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചത് ഉന്മേഷ് മാത്യു, ജോസഫ് സ്കറിയ, മനോജ് അച്ചേട്ട്, ജോ ആന്റണി, ലെനി ചാക്കോ, ജേയ്‌സി വെട്ടിക്കാടന്‍ എന്നിവരാണ്.

ദേവാലയത്തിലെ മംഗളകര്‍മ്മങ്ങള്‍ക്കു ശേഷം മുന്‍ വര്‍ഷങ്ങളിലേതുപോലെ അങ്ങാടിയത്ത് പിതാവ് കമ്മ്യൂണിക്കന്‍സിനൊപ്പം കേക്കുമുറിക്കുകയും അവരുടെ അനുഗ്രഹീത ദിനത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തു. മാതാപിതാക്കള്‍ക്കും മറ്റു അതിഥികള്‍ക്കുമായി പാരിഷ്ഹാളില്‍ നടന്ന സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ പര്യവസാനിച്ചു.